Saturday, May 21, 2011

പെയ്തോഴിയുന്നേരം


 









പുറത്ത് ഒരു മഴക്കുള്ള കോളുണ്ടായിരുന്നു
വിതുമ്പലടക്കി നിന്ന ഞങ്ങളുടെ കണ്ണിലും...

"നിങ്ങള്‍ക്കെന്തു തോന്നുന്നു
പടിയിറങ്ങുമ്പോള്‍..?"
എന്റെ ചോദ്യത്തിനുത്തരം പറയാന്‍
ആയിരം നാവുണ്ടായിരുന്നു അവര്‍ക്ക്
എന്നിട്ടും... ആരും പറഞ്ഞില്ല.. ഒന്നും..
വെറുതെ ഒരു വാക്കില്‍
പറഞ്ഞു തീര്‍ക്കാന്‍ ആവുന്നതല്ലല്ലോ
ഒരു യുഗംപോല്‍ തീര്‍ന്നുപോയോരാ
കലാലയ സ്മരണകള്‍...

നിയോഗം പോലെ
വന്നു ചേര്‍ന്നവര്‍ നമ്മള്‍
നിറങ്ങളാടിയ സ്വപ്നലോകത്തു നിന്നും
കടുംപച്ചയായ ജീവിതത്തിലേക്ക്
അടിതെറ്റാതെ കയറിപ്പോവേണ്ടവര്‍ നമ്മള്‍

എല്ലാവരും വിതച്ചിട്ടുണ്ടിവിടെ
ഓര്‍മകളുടെ ഒരു തൈ
തനിച്ചാക്കരുതെ എന്ന് നിലവിളിച്ച ബെഞ്ചില്‍
ചങ്ങാത്തത്തിന്റെ ഒരു കയ്യൊപ്പ്..

ഇനിയും പറയാതെ പോയ വാക്കുകള്‍
സ്നേഹ നീരായി ഉറവകൊള്ളുമ്പോള്‍
നിര്‍വചിക്കാനാവാത്ത മോഹങ്ങളുമടക്കിപ്പിടിച്ചു 
ഇനി മടങ്ങാം.. അനിവാര്യമായ യാത്രയിലേക്ക്..

മറക്കാനാവാത്ത ഓര്‍മകളെ  മാത്രമാണോ
വിരഹം ഇത്രമേല്‍ ആര്ദ്രമാക്കുന്നത്?
കലാലയ ചുമരിലേക്കു തിരിഞ്ഞു നോക്കി
അപ്പോള്‍ പെഴ്തുതോര്‍ന്ന മഴയുടെ
കുളിര്‍മയിലെക്കിറങ്ങിയപ്പോള്‍
അകലെ തെളിഞ്ഞ മഴവില്ലില്‍
എന്റെ ചോദ്യത്തിനുള്ള
ഉത്തരമുണ്ടായിരുന്നു...
 ______________(അബ്ബാദ്  ചെറൂപ്പ)